English The Best Investment I Ever Made Note

The Best Investment I Ever Made

The Best Investment I Ever Made

Notes and Malayalam translation of SSLC English Chapter 1 ‘The Best investment I Ever Made’ in Unit 3 Lores of values.

SSLC English The Best investment I Ever Made note

The Best investment I Ever Made note (click here)


SSLC English The Best investment I Ever Made Malayalam translation

ഞാൻ നടത്തിയ ഏറ്റവും മികച്ച നിക്ഷേപം

കപ്പൽ ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ടിട്ട് രണ്ടാം ദിവസം. കപ്പലിന്റെ മേൽത്തട്ടിലുള്ള സ്ഥലത്തു കൂടി ചുറ്റി നടക്കുകയായിരുന്നു ഞാൻ. യാത്രക്കാരിലൊരാൾ എന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി പെട്ടന്ന് എനിക്ക് മനസ്സിലായി. ഓരോ തവണ അടുത്തെത്തുമ്പോഴും അയാൾ എന്നെ തുറിച്ചുനോക്കുന്നുണ്ട്. എനിക്ക് വിശ്രമിക്കണമെന്നും, കപ്പലിലെ മറ്റുള്ളവരുടെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങളുടെ വിരസതയിൽ നിന്ന് ഒഴിഞ്ഞു മാറണമെന്നും തോന്നി. അയാളെ ശ്രദ്ധിച്ചതായി ഞാൻ ഭാവിച്ചതേയില്ല.

മറിച്ച് അയാളിൽ അത്തരമൊരു രീതി കണ്ടില്ല. എന്തോ ബുദ്ധിമുട്ടോ ആത്മവിശ്വാസക്കുറവോ അദ്ദേഹത്തെ ബാധിച്ചിരിക്കുന്നതായും എനിക്ക് തോന്നി. അയാൾക്ക് നാൽപതിനടുത്ത് പ്രായം വരും. ഉയരം കുറഞ്ഞ് വെളുത്ത ശരീരവും തെളിഞ്ഞ നീലക്കണ്ണുകളുമായിരുന്നു അയാളുടേത്. നെറ്റിയിൽ കഷണ്ടി കയറിത്തുടങ്ങിയിരുന്നു. കറുത്ത സ്യൂട്ടും തിളക്കം കുറഞ്ഞ ടൈയും റിം ഇല്ലാത്ത കണ്ണടയുമെല്ലാം ചേർന്ന് അയാൾക്ക് ഒരു ഗൗരവക്കാരന്റെ, ഒരു മിതഭാഷിയുടെ പരിവേഷം നൽകിയിരുന്നു. ഈ സമയം ഡിന്നറിനുള്ള ശബ്ദം മുഴങ്ങി. ഞാൻ താഴേക്ക് പോയി.

പിറ്റേ ദിവസം ഉച്ചയ്ക്ക് മുമ്പ് എന്റെ സഹയാത്രികൻ വീണ്ടും എന്നെ നിരീക്ഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അയാൾ ഡെക്കിൽ കസേരയിൽ ഇരിക്കുകയാണ്. അയാളുടെ ഭാര്യയെന്നു തോന്നിക്കുന്ന ഒരു സ്ത്രീ ഒപ്പമുണ്ട്. ഇത്തവണ എന്റെ ആകാംക്ഷ വർദ്ധിച്ചു. ലണ്ടൻ പ്രാന്തപ്രദേശത്തു നിന്നുള്ള ജോൻസും ഭാര്യയുമാണ് അതെന്ന് പരിചാരകൻ പറഞ്ഞ് ഞാൻ അറിഞ്ഞു. പ്രത്യക വിശേഷങ്ങളൊന്നുമില്ലാതെ മറ്റൊരു ദിവസം കൂടി കടന്നു പോയി. എന്നെ സമീപിച്ച് സംസാരിക്കാൻ അയാൾക്ക് ധൈര്യമില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. എന്നാൽ കടലിലെ ഞങ്ങളുടെ അവസാന ദിവസം അയാളുടെ ഭാര്യ അതിനൊരു തീരുമാനം ഉണ്ടാക്കി. അയാളുടെ കൈയിൽ ബലമായി പിടിച്ച് ചെവിയിലെന്തോ മന്ത്രിച്ച്, ഞാൻ ഡെക്കിലൂടെ കടന്നു പോയപ്പോൾ, അയാളെ എന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുവന്നു.

"ക്ഷമിക്കണം ഡോക്ടർ, ഞാൻ എന്നെ പരിചയപ്പെടുത്തിയാൽ..." ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് വിസിറ്റിംഗ് കാർഡും നീട്ടിപ്പിടിച്ച് അതിലെ പേരു കാണുമ്പോൾ എന്റെ മുഖത്തെന്തെങ്കിലും ഭാവവ്യത്യാസമുണ്ടോ എന്ന് നോക്കിയാണ് അയാൾ സംസാരിച്ചത് . എനിക്ക് ഭാവവ്യത്യാസമൊന്നും ഇല്ലന്ന് കണ്ടപ്പോൾ പരുങ്ങലോടെ തുടർന്നു. “എനിക്ക് വേണ്ടി ഒരല്പസമയം ചെലവഴിച്ചാൽ എനിക്കും ഭാര്യക്കും അങ്ങയോട് ഒരു കാര്യം പറയണമെന്നുണ്ടായിരുന്നു.'

അവർക്ക് സമീപമുള്ള ഒരു ഒഴിഞ്ഞ കസേരയിൽ ഞാൻ ഇരുന്നു. ഇത് അവരുടെ ആദ്യ അമേരിക്കൻ യാത്രയാണെന്ന് അയാൾ തപ്പിത്തടഞ്ഞ് പറഞ്ഞു. അതൊരു ഉല്ലാസയാത്ര ആയിരുന്നില്ല. ചെറുപ്പക്കാർക്ക് വേണ്ടിയുള്ള വേനൽക്കാല ഉല്ലാസ ക്യാമ്പ് അന്വേഷിച്ച് ന്യൂ ഇംഗ്ലണ്ട് സ്റ്റേറ്റുകളിലേക്ക് സഞ്ചരിക്കുകയായിരുന്നു അവർ. ന്യൂയോർക്കിലെ സെറ്റിൽമെന്റ് ഭവനങ്ങളും മറ്റ് നഗരങ്ങളും അവർ സന്ദർശിച്ചു. മനോരോഗികളെയും, കുറ്റകൃത്യവാസനയുള്ളവരെയും അവിടങ്ങളിൽ എങ്ങനെയാണ് ചികിത്സിക്കുന്നത് എന്ന് കണ്ടറിയുകയാണ് അവരുടെ യാത്രയുടെ ഉദ്ദേശ്യം.

അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലുമെല്ലാം ആത്മാർഥമായ ഉത്സാഹം നിഴലിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോട് എനിക്ക് മുമ്പുണ്ടായിരുന്ന ചെറിയ ദേഷ്യമെല്ലാം പോയി. തന്നെയുമല്ല എനിക്കദ്ദേഹത്തോട് അടുപ്പം തോന്നിത്തുടങ്ങിയിരുന്നു. അദ്ദേഹവും ഭാര്യയും കഴിഞ്ഞ പതിനഞ്ച് വർഷമായി യുവാക്കളുടെ ക്ഷേമത്തിനായി സജീവമായി പ്രവർത്തിക്കുകയാണെന്ന് സംസാരിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായി. അദ്ദേഹമൊരു അഭിഭാഷകനായിരുന്നു. കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നത് കൂടാതെ നഗരത്തിലെ തെരുവിൽ നിന്നുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി നടത്തുന്ന ഒരു സന്നദ്ധ സംഘടനയുടെ ഡയറക്ടറായി പ്രവർത്തിക്കാനുള്ള സമയവും അദ്ദേഹം കണ്ടെത്തിയിരുന്നു.

അവർ രണ്ടു പേരും ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചുള്ള വ്യക്തമായ ഒരു ധാരണ എനിക്ക് കിട്ടി. വഴി തെറ്റുന്ന കുട്ടികളെ ജൂവനൽ കോടതിയിൽ നിന്ന് കണ്ടെത്തി ആരോഗ്യപരമായ ഒരു ചുറ്റുപാട് നൽകി അവരുടെ ശരീരത്തിനും മനസിനും ആശ്വാസമേകി അവരെ സാധാരണ ജീവിതത്തിലേക്ക് എങ്ങനെയാണ് മടക്കിക്കൊണ്ടുവരുന്നതെന്ന് ഞാൻ മനസ്സിലാക്കി. ഇത്തരം കുട്ടികൾക്ക് കരകൗശലവസ്തുക്കൾ നിർമിക്കാനുള്ള പരിശിലനം നൽകൂന്നു. അങ്ങനെ സമൂഹത്തിൽ വിലയുള്ള, സ്വയംപര്യാപ്തതയുള്ളവരായി അവരെ മാറ്റുന്നു. ഹൃദയസ്പർശിയായ ഒരു സൽ പ്രവൃത്തിയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. ജീവിതം ഇതിനായി മാറ്റിവയ്ക്കാൻ പ്രരിപ്പിച്ചതെന്താണെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

ചോദ്യം അയാളിൽ അസാധാരണമായ ഒരു ഭാവവ്യത്യാസം ഉളവാക്കി. ദീർഘനിശ്വാസമെടുത്ത് എന്നോട് ചോദിച്ചു: 'താങ്കൾക്ക് എന്നെ ഇപ്പോഴും മനസ്സിലായില്ല. അല്ലേ?" ഞാൻ തലകുലുക്കി. സത്യമായും ഞാനയാളെ ഇതിന് മുമ്പ് കണ്ടിട്ടേയില്ല.

"വർഷങ്ങളായി താങ്കളെ ഒന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ എനിക്കതിനു കഴിഞ്ഞില്ല." പിന്നീട് കുനിഞ്ഞ് അയാളെന്റെ ചെവിയിൽ ഒരു കാര്യം പറഞ്ഞു. അപ്പോൾ മറവിയുടെ മൂടു പടം മാറി. എന്റെ ഓർമകൾ ഇരുപത്തിയഞ്ച് വർഷം പിന്നിലേക്ക് പോയി. ഇതിന് മുമ്പ് ആ മനുഷ്യനെ കണ്ട ഒരവസരം ഞാനപ്പോൾ ഓർത്തു. ഞാനന്ന് ലണ്ടനിലെ ജോലിക്കാർ താമസിക്കുന്ന ഒരു പ്രദേശത്ത് ഡോക്ടറായി സേവനം അനുഷ്ടിച്ച് തുടങ്ങിയിട്ടേയുള്ളൂ. മഞ്ഞുള്ള ഒരു നവംബർ രാത്രിയിൽ വാതിലിൽ ശക്തിയായ തട്ടു കേട്ട് ഞാൻ ഉറക്കമുണർന്നു. പെട്ടെന്ന് വസ്ത്രം ധരിച്ച് ഞാൻ താഴേക്കിറങ്ങിച്ചെന്നു. അതൊരു പോലീസുകാരനായിരുന്നു. “ദാ, അവിടെയൊരു ആത്മഹത്യാശ്രമം". അയാൾ പെട്ടെന്ന് പറഞ്ഞു. ഞാൻ ഉടനെ ചെല്ലണം.

ഞങ്ങൾ ശബ്ദമുണ്ടാക്കാതെയാണ് ആ അല്പ ദൂരം നടന്നത്. നല്ല മഞ്ഞുണ്ടായിരുന്നതിനാൽ കാലടികൾ മഞ്ഞിൽ തട്ടുമ്പോൾ നേരിയ ഒരു ശബ്ദം പുറപ്പെടുന്നുണ്ടായിരുന്നു. പഴയ ഒരു കെട്ടിടത്തിന്റെ ഇടുങ്ങിയി വാതിലിലേക്ക് ഞങ്ങൾ പ്രവേശിച്ചു. സ്റ്റെയർകേസ് കയറിയപ്പോൾ തീപിടിക്കുന്ന ഏതോ വാതകത്തിന്റെ രൂക്ഷ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചുകയറി. മുകളിലത്തെ നിലയിലെത്തിയപ്പോൾ അസ്വസ്ഥതയോടെ കെട്ടിട ഉടമയായ സ്ത്രീ വന്ന് ശൂന്യമായ തട്ടിൻപുറത്തിട്ടിരിക്കുന്ന ചെറിയ കട്ടിൽ ചൂണ്ടിക്കാണിച്ചു. അതിൽ ഒരു ചെറുപ്പക്കാരന്റെ ശരീരം കിടപ്പുണ്ടായിരുന്നു.

ജീവനില്ല എന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും അയാളെ തിരികെ ജീവിത ത്തിലേക്ക് കൊണ്ടുവരാനുള്ള നേരിയ ഒരു സാധ്യത അവശേഷിച്ചിരുന്നു. പോലീസുകാരന്റെ സഹായത്തോടെ ഞാൻ അയാളുടെ ബോധം തെളിക്കാനുള്ള ശ്രമം നടത്തി, ഒരു മണിക്കൂർ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഞങ്ങൾ പരമാവധി ചെയ്തുനോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. നന്നേ തളർന്ന് പോയ ഞങ്ങൾ ശ്രമം അവസാനിപ്പിക്കാൻ തുടങ്ങവേ പെട്ടെന്ന് അയാളിൽ നിന്ന് ശ്വാസമെടുക്കുന്നതിന്റെ ഒരു നേരിയ ശബ്ദം പുറത്തുവന്നു. വീണ്ടും അരമണിക്കൂർ പരിശ്രമത്തിനൊടുവിൽ അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്ന് ഞങ്ങളുടെ നേരെ പരിഭ്രാന്തിയോടെ തുറിച്ചു നോക്കി. തന്റെ സാഹചര്യത്തിന്റെ ഭീകരത അയാൾക്ക് സാവധാനം ബോധ്യമായി.

ആരോഗ്യം വീണ്ടെടുത്തപ്പോൾ അയാൾ തന്റെ കഥ പറയാൻ തുടങ്ങി. അയാളുടെ മാതാപിതാക്കൾ മരിച്ചു പോയിരുന്നു. ഒരു അങ്കിൾ അയാൾക്ക് ഒരു വക്കീലിന്റെ ഓഫീസിൽ ക്ലർക്കായി ജോലി വാങ്ങിച്ചു കൊടുത്തു. ആറു മാസമേ അയാൾ അവിടെ ഉണ്ടായിരുന്നുള്ളു. സുഹൃത്തുക്കൾ ഒന്നും അയാൾക്ക് ഉണ്ടായിരുന്നില്ല. ഒരു വിഡ്ഡിയെപ്പോലെ പതിയെ അയാൾ തെരുവിലെ മോശം കൂട്ടു കെട്ടിൽ പെട്ടു. തന്റെ കഴിവിനപ്പുറമുള്ള സുഖസൗകര്യങ്ങൾ ആസ്വദിക്കാൻ തുടങ്ങി. അതിന്റെ ഭാഗമായി കുതിരകളെ പന്തയം വെയ്ക്കാൻ തുടങ്ങി. താമസിയാതെ സമ്പാദ്യമെല്ലാം നഷ്ടമായി. ഉള്ളതെല്ലാം പണയപ്പെടുത്തി നല്ല ഒരു തുക ഒരു വാതുവെപ്പുകാരനിൽ നിന്ന് കടം വാങ്ങി. കടം വീട്ടാനായി ഓഫീസ് സേഫിൽനിന്ന് ഒരു തുകയെടുത്ത് വീണ്ടും ഒരു പന്തയത്തിൽ ഏർപ്പെട്ടു. അവസാന പന്തയമെന്ന നിലയിൽ ഇത് ജയിക്കുമെന്നായിരുന്നു അയാളുടെ ഉറച്ചവിശ്വാസം. എന്നാൽ അതിലും പരാജയപ്പെട്ടു. അയാൾ ആകെ ദു:ഖിതനും നിരാശനുമായി. സേഫ് തുറന്ന് പണമെടുത്തതിന് നിയമനടപടികൾ വരുമെന്നു ഭയപ്പെട്ട അയാൾ മുറിയിൽ കയറി വാതിലടച്ച് ഗ്യാസ് തുറന്നുവിട്ടു.

അയാൾ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ അവിടെ ഏറെ നേരത്തെ നിശബ്ദത അനുഭവപ്പെട്ടു. എന്തു മാത്രം പണമാണ് കവർന്നതെന്ന് അപ്പോൾ ഗൗരവ പൂർവം പോലീസ് ചോദിച്ചു. ഏഴു പൗണ്ടും പത്ത് ഷില്ലിംഗും - അയാളുടെ മറുപടി ദയാപൂർണമായിരുന്നു. ഈ ചെറിയ തുകയ്ക്ക് വേണ്ടി അയാൾ അയാളുടെ ജീവിതം അവസാനിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു.

കുറച്ച് നേരത്തേക്ക് ആരും ഒന്നും പറഞ്ഞില്ല. ഞങ്ങൾ മൂന്നുപേർ - ഞാനും, പോലിസും, കെട്ടിട ഉടമയായ സ്ത്രീയും മാത്രമായിരുന്നു അയാളുടെ ദുരന്തത്തിന് സാക്ഷികളായത്. പരസ്പരം പറഞ്ഞില്ലെങ്കിലും ഞങ്ങളെല്ലാം ചിന്തിച്ചത് ഒരേ കാര്യമായിരുന്നു - ആ ചെറുപ്പക്കാരന് ഒരു പുതുജീവിതം കൊടുക്കുക എന്ന്.

പുറത്തറിഞ്ഞാൽ തന്റെ ജോലിപോകുമെന്ന് അറിയാമായിരുന്നിട്ടുകൂടി ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് പോലീസുകാരൻ തീരുമാനിച്ചു. അങ്ങനെ അയാളെ കോടതി നടപടികളിൽ നിന്ന് ഒഴിവാക്കാൻ കഴിയും. സ്വന്തം കാലിൽ നിൽക്കാറാകുന്നതുവരെ അവിടെ സൗജന്യമായി താമസിക്കാൻ കെട്ടിട ഉടമസ്ഥ സമ്മതിച്ചു. ഒരു പക്ഷേ ഞാനാണ് ഏറ്റവും ചെറിയ സഹായം ചെയ്തത്. ഓഫീസ് സേഫിൽ തിരികെ വയ്ക്കാനായി ഏഴ് പൗണ്ടും പത്ത് ഷില്ലിംഗും നൽകാമെന്ന് ഞാനേറ്റു.

ഇരുട്ടിലൂടെ കപ്പൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. സംസാരിക്കേണ്ടതിന്റെ ആവശ്യം അവിടെ ഉണ്ടായിരുന്നില്ല. മിസിസ് എസ് അവരുടെ ഭർത്താവിന്റെ കൈകൾ സ്നേഹത്തോടെ ചേർത്തുപിടിച്ചു. നിശബ്ദനായി അവിടെയിരിക്കവെ എനിക്ക് തോന്നി എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ നിക്ഷേപം അതായിരുന്നുവെന്ന്. ആ നിക്ഷേപത്തിൽ നിന്ന് എനിക്ക് ലാഭവിഹിതമൊന്നും കിട്ടിയില്ലെങ്കിലും അത് ഏറ്റവും ലാഭകരമായി ഒരു നിക്ഷേപമായി മാറുകയായിരുന്നു. ഉത്ക്കണ്ഠയും നിരാശയും ഇച്ഛാഭംഗവുമെല്ലാം സമ്മാനിക്കുന്ന, ലാഭമുണ്ടാക്കാനുള്ള എന്റെ കുറെ പ്രയോജനമില്ലാത്ത നിക്ഷേപങ്ങളിൽ നിന്നെല്ലാം അത് വ്യത്യസ്തമായി നിലകൊണ്ടു.

Click the link below to download it as PDF


Post a Comment

2 Comments

Comment Cheyyuuu... We love Comments...