SSLC English Poetry

Poetry

Poetry

SSLC English poem Poetry in the unit Flights of Fancy note and malayalam translation.



Malayalam rendering of the poem Poetry (കവിതയുടെ എന്ന മലയാളം ആവിഷ്കാരം)

അക്കാലത്തായിരുന്നു എന്നെത്തേടി കവിത വന്നെത്തിയത്,
എവിടെ നിന്നത് വന്നെന്നെനിക്കറിയില്ലേയറിയില്ല.
ഉറയും ശൈത്യത്തിൽ നിന്നോ ഒഴുകും പുഴയിൽ നിന്നോ?
എപ്പോൾ എങ്ങനെ വന്നെന്നറിയില്ല,
വിളി നാദമായി കേട്ടില്ല. ഉരുവിട്ട പദങ്ങളുമായിരുന്നില്ല,
നാദ-പദമില്ലാത്ത മൗനവുമായിരുന്നില്ല!
ഏതോ തെരുവിൽ നിന്നുമെന്നെ വിളിച്ചു,
രാത്രിയുടെ ഏതോ ശിഖരത്തിൽ നിന്ന്
അപ്രതീക്ഷിതം, ആൾകൂട്ടത്തിൽ നിന്നോ,
തീവ്രമാം സമര മുഖത്തു നിൽക്കെയോ,
ഒറ്റയ്ക്ക് ഞാൻ മടങ്ങുമ്പോഴോ,
ആരോരുമറിയാത്തയെന്നെ, കവിത തേടിയെത്തി തലോടി.


എന്തു ചൊല്ലേണമെന്നറിഞ്ഞില്ല.
വാക്കുകൾ കിട്ടാതെ വാവട്ടം വരണ്ടു,
കണ്ണുകളിൽ ഇരുളടഞ്ഞു.
ആത്മാവിലെന്തോ തുടിക്കും പോലെ,
അനിർവ്വചനീയമാം കാവ്യ ജ്വരമോ
കാവ്യകല തൻ കാണാത്ത ചിറകോ,
എന്നെച്ചൂഴും വികാര തീഷ്ണതയുടെ
പൊരുൾ ചികഞ്ഞു ഞാൻ മുന്നേറി,
സത്തയില്ലാത്ത. അവ്യക്തമാം
എന്നാദ്യ വരികൾ ഞാൻ കുറിച്ചിട്ടു.
പാമരന്റെ നിരർത്ഥ ഭാഷണമോ,
പ്രാരംഭകന്റെ നിപുണതയോ!
കണ്ടു ഞാൻ പൊടുന്നനെയെൻ കൺമുമ്പിൽ
മലർക്കെ തുറന്നിട്ട പ്രപഞ്ച കവാടങ്ങൾ.
ആകാശ ഗോളങ്ങളും കാറ്റിലാടും തോട്ടങ്ങളും
അമ്പ് മുനയേറ്റ് തുള വീണപോൽ
വെളിച്ചമരിച്ചിറങ്ങും നിഴൽ പാടുകളും,
അഗ്നിയും പൂക്കളും,
കാറ്റാഞ്ഞു വീശും രാത്രി തീർക്കും പ്രപഞ്ചവും.


അനന്തമാമീ പ്രപഞ്ചത്തിലൊരു പരമാൽപ്പമാം ഞാൻ
അതിരു തീർക്കാത്ത ആകാശപ്പരപ്പിലെ
താര ചാരുതയിൽ ഉന്മത്തനായി.
അജ്ഞത തൻ പ്രതീകമാം ഞാനും,
പ്രപഞ്ച നിഗൂഢതയിൽ വിലയം പ്രാപിച്ചു,
പാതാളത്തിന്നടിത്തട്ടു പോലും സ്വായത്തമാക്കി,
താരകക്കൂട്ടങ്ങളോടൊത്ത് സഞ്ചരിച്ചു.
കെട്ടുപാടുകൾ വിട്ടെൻ ഹൃദയവും
കാറ്റിനെ പോലെ സ്വതന്ത്രമാക്കി.


Malayalam meaning of the poem Poetry (Poetry എന്ന കവിതയുടെ മലയാള അർത്ഥം)

ആ പ്രായത്തിൽ കവിത എന്നെ അന്വേഷിച്ചുവന്നു. എവിടെ നിന്നാണ് അത് വന്നതെന്ന് എനിക്കറിയില്ല. അത് ശൈത്യകാലത്തിൽ നിന്നോ നദിയിൽ നിന്നോ വന്നതാകാം. എങ്ങിനെയാണ് എപ്പോഴാണ് അത് വന്നതെന്നും എനിക്കറിയില്ല. ശബ്ദങ്ങളോ, വാക്കുകളോ, നിശബ്ദതയോ ആയിട്ടല്ല അത് വന്നത്. എന്നെ വഴിയിൽ നിന്നും പ്രത്യേകമായി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. രാത്രിയിൽ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അതു സംഭവിച്ചത്. ഞാൻ ഒറ്റക്ക് വീട്ടിലേക്കു മടങ്ങുകയായിരുന്നു, വലിയ ചിന്തകൾ എന്റെ മനസ്സിൽ തിരതള്ളിക്കൊണ്ട്. എനിക്ക് എന്റേതായ ഒരു മുഖമില്ലായിരുന്നു. അപ്പോഴാണ് കവിത എന്നെ സ്പർശിച്ചത്.


എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. പേരുകൾ പറയാൻ എന്റെ വായ മടിക്കുന്നു. എന്റെ കണ്ണുകൾക്ക് കാഴ്ചയില്ല. പക്ഷേ പെട്ടെന്ന് ഏതാണ്ട് എന്റെ ആത്മാവിൽ ഉദിച്ചു. അവിടെ ധാരാളം കാര്യങ്ങൾ നടക്കുന്നുണ്ടായിരുന്നു. എനിക്ക് ചിറകുകൾ മുളക്കുന്നതുപോലെ തോന്നി. എന്റെ ഹൃദയത്തിൽ കൊളുത്തിയ നാളം എനിക്കുവഴികാട്ടിയായി. കാര്യങ്ങൾ എനിക്കു മനസ്സിലാകാൻ തുടങ്ങി. എന്റെ യാത്ര തുടങ്ങുകയായിരുന്നു.


ഞാൻ ആദ്യവരി എഴുതി. അതിന് അത്ര വ്യക്തതയില്ലായിരുന്നു. അതിന് വലിയ അർത്ഥമില്ലായിരുന്നു. അത് ശുദ്ധ മണ്ടത്തരമായിരുന്നു. അതേസമയം അതിൽ നല്ല വിവേകമുണ്ടായിരുന്നു. ഒന്നും അറിയാൻ പാടില്ലാത്തവന്റെ വിവേകം. പെട്ടെന്ന് ഞാൻ കണ്ടു സ്വർഗ്ഗത്തിന്റെ കെട്ടഴിയുന്നതും ഗ്രഹങ്ങളും ജീവൻ തുടിക്കുന്ന തോട്ടങ്ങളും, തുളകൾ വീണ നിഴലുകളും എനിക്കു കാണാമായിരുന്നു. എന്നിൽ നിറയേ അമ്പുകളും, തീയും, പൂക്കളുമായിരുന്നു. വളഞ്ഞുപുളഞ്ഞുപോകുന്ന രാത്രി പ്രപഞ്ചത്തെ സൃഷ്ഠിക്കുകയായിരുന്നു. ഇപ്പോൾ ഒന്നും തന്നെ എന്റെ കാഴ്ചക്ക് അതീതമല്ല.


ഞാൻ വളരെ ചെറിയ ഒന്നാണ്, ഒന്നുമല്ലാത്ത, ആരുമല്ലാത്ത ഒന്ന്. പക്ഷേ പെട്ടെന്നുതന്നെ ഞാൻ അഭൗമികതയുടെ ഔന്നത്യത്തിലേക്ക് ഉയർന്ന് അതിലെ ഒരംഗമാവുകയാണ്. ഇപ്പോൾ ഞാൻ അഗാധഗർത്തത്തിന്റെ താക്കോൽ പിടിച്ചിരിക്കുകയാണ്. എനിക്കിപ്പോൾ നക്ഷത്രങ്ങളിൽ കയറി യാത്ര ചെയ്യാൻ പറ്റും. എന്റെ ഹൃദയം സ്വതന്ത്രമാണ്. കാറ്റിൽ അതിന് എവിടെ വേണമെങ്കിലും പറന്നുപോകാം. വേണ്ട എല്ലാത്തരം അനുഭവങ്ങളും അതിന് ആസ്വദിക്കാം.



Label : SSLC English Poetry Note | Poetry in Malayalam | SSLC English Poetry Malayalam Translation

Post a Comment

0 Comments