SSLC Hindi बसंत मेरे गाँव का Note

बसंत मेरे गाँव का

बसंत मेरे गाँव का

SSLC Hindi बसंत मेरे गाँव का note and malayalam translation.


Malayalam Translation of बसंत मेरे गाँव का

മകരസംക്രമണത്തിനുശേഷം സൂര്യൻ പഞ്ചാചൂലിയിൽ നിന്നും ചൗഖംഭാ പർവതത്തിലേക്ക് നീങ്ങാൻ തുടങ്ങുന്നു. ജ്യേഷ്ഠമാസം വരെ സൂര്യൻ എല്ലാ ദിവസവും ഒരു ചാൺ ദൂരം മാറും എന്ന് മുത്തശ്ശി പറഞ്ഞുതന്നിട്ടുണ്ട്. പഞ്ചാചൂലിയിൽ നിന്നും ചൗഖംഭാ വരെയെത്താൻ സൂര്യന് നാലുമാസം പൂർണമായും വേണ്ടിവരുന്നു.


പഞ്ചാചൂലിയിലെ മഞ്ഞു മൂടിയ അഞ്ച് കൊടുമുടികൾക്കും ചൗഖംഭായിലെ നാല് കൊടുമുടികൾക്കും ഒത്ത നടുക്കായി നന്ദാപർവതം കാണപ്പെടുന്നു. സൂര്യൻ പഞ്ചാചൂലിയിൽനിന്നും നന്ദാപർവ്വതത്തിലെത്തുമ്പോൾ പർവ്വതങ്ങളിൽ മഞ്ഞ നിറമുള്ള ഒരിനം പൂക്കൾ വിരിയാൻ തുടങ്ങുന്നു. പർവ്വതത്തിന്റെ ചെരുവുകളിൽ സുന്ദരമായി വെട്ടിയ പടവുകൾ പോലെയുള്ള വയലുകളിൽ ഗോതമ്പിന്റെ പച്ചപ്പിനിടയിൽ കടുകിന്റെ പൂക്കളുടെ മഞ്ഞനിറം വ്യാപിക്കുന്നു. വസന്തം ഉന്മത്തമാകാൻ തുടങ്ങുന്നു.


വസന്തം പൂക്കളുടെ ദേവിയുടെ ഉത്സവവുമായാണ് വരുന്നത്. വൈകുന്നേരം വരെ കുട്ടികൾ പൂക്കൾ ശേഖരിക്കുന്നു. ഈ പൂക്കൾ ഒരിനം മുളകൾ കൊണ്ടുണ്ടാക്കിയ പ്രത്യേകതരത്തിലുള്ള കൂടകളിൽ വയ്ക്കുന്നു. ഈ പൂക്കുടകൾ രാത്രി മുഴുവനും മൺകലത്തിലെ വെള്ളത്തിനു മുകളിൽ വെയ്ക്കുന്നു. അങ്ങനെ ചെയ്താൽ രാവിലെ വരെ പൂക്കൾ വാടാതിരിക്കും. നേരം പുലർന്നു കഴിഞ്ഞാൽ കുട്ടികളുടെ സംഘം ഗ്രാമത്തിലുടനീളം ചുറ്റിക്കറങ്ങും. തലേദിവസം വൈകിട്ട് ശേഖരിച്ചുവച്ച പൂക്കൾ കൊണ്ട് വീടുകളുടെ മുൻവശം അലങ്കരിക്കും. വീട്ടുടമ കുട്ടികൾക്ക് ദക്ഷിണയായി അരി, ഗോതമ്പ്. ശർക്കര, പരിപ്പ് ഇവയെല്ലാം കൊടുക്കുന്നു. ദക്ഷിണയായി കിട്ടിയ ഈ സാധനങ്ങൾ ഇരുപത്തിയൊന്നു ദിവസം വരെ സൂക്ഷിക്കുന്നു. ദേവിയെ യാത്രയയക്കുന്നതോടു കൂടി വസന്തകാലത്തിലെ ഈ ഉത്സവവും സമാപിക്കും. അവസാന ദിവസം ശേഖരിച്ചുവെച്ച സാമഗ്രികളെല്ലാം. ചേർത്ത് സമൂഹസദ്യ നടത്തുന്നു. കുട്ടികൾക്കുവേണ്ട നിർദ്ദേശങ്ങൾ നൽകുക മാത്രമാണ് ഈ ആഘോഷത്തിൽ മുതിർന്നവരുടെ പങ്ക്. ബാക്കി ജോലികളെല്ലാം കുട്ടികൾ തന്നെയാണ് ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഈ പ്രദേശത്ത് കുട്ടികൾക്കായി ഇതിലും വലിയൊരു ഉത്സവമില്ല.


ഒരുവശത്ത് കുട്ടികൾ പുഷ്പോത്സവത്തിൽ പങ്കുകൊള്ളുന്നു. മറുവശത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുതിർന്നവർ ചൈത്രഗീതം ആലപിക്കുന്നു. ഈ പാട്ടുകൾ പാണ്ഡവരുടെ ഹിമാലയയാത്രയെക്കുറിച്ചുള്ള കഥകളാണ്. പരമ്പരാഗത രീതിയിൽ ചൈത്രഗീതം ആലപിക്കുന്നവർ (ഔജികൾ) ഗ്രാമത്തിൽ എത്തിയാൽ അവർക്കു ചുറ്റും ഒരു ആൾക്കൂട്ടം തന്നെയുണ്ടാകും. വസന്തത്തിൽ സംഗീതത്തിന്റെ സ്വരവും അലിഞ്ഞുചേരുന്നു.


വസന്തത്തിന്റെ ഇളം ചൂടുള്ള വെയിൽ ഉച്ചയോടുകൂടി ശക്തമാകാൻ തുടങ്ങുന്നു. അപ്പോൾ ഹിമാലയത്തിലെ ഉയരം കൂടിയ കൊടുമുടികളിൽ വിശേഷപ്പെട്ട ഒരിനം പൂവ് ( ബുറാംസ്) വിരിയാൻ തുടങ്ങുന്നു. ഈ പൂക്കൾ പർവതത്തിൽ പ്രൗഢഗംഭീരമായ അരുണിമ പരത്തുന്നു. മകരസംക്രാന്തി മുതൽ എരിയുന്ന സൂര്യൻ അപ്പോൾ നന്ദാപർവതത്തിൽനിന്നും ചൗഖംഭാ പർവതത്തിലേക്ക് നീങ്ങാൻ തുടങ്ങുന്നു. ഗംഗാനദിയിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുന്നു. തണുപ്പുകാലത്ത് മഞ്ഞുമൂടി ക്കിടക്കുന്ന പ്രദേശത്തുനിന്നും താഴ്വാരങ്ങളിലേയ്ക്ക് പോയ ഇടയന്മാർ അവരുടെ വീട്ടിലേയ്ക്ക് തിരികെയെത്താൻ തുടങ്ങുന്നു. മാസങ്ങളോളം വിശാലമായ പുൽമേടുകളിലും ഇടതൂർന്ന വനങ്ങളിലും അപരിചിതങ്ങളായ പ്രദേശങ്ങളിലൂടെയും അലഞ്ഞു നടന്നതിനു ശേഷം സ്വന്തം വീടുകളിലേയ്ക്ക് മടങ്ങുന്നതിന്റെ സന്തോഷം ഉത്സവത്തിന്റെ പ്രതീതി ഉളവാക്കുന്നു. സന്തോഷത്താൽ അവർ ആടുകയും പാടുകയും ചെയ്യുന്നു. ഇടയന്മാരോടൊപ്പം അവരുടെ ആട്, കുതിര, കോവർകഴുത, പട്ടി, ഇവയെല്ലാം ഉണ്ടാകും. യാത്രക്കിടയിൽ കടന്നുപോകുന്ന ഗ്രാമങ്ങളിൽ കച്ചവടവും നടത്തുന്നുണ്ട് ഇവർ. അവർ മൃഗങ്ങളേയും ഹിമാലയ പ്രദേശ ങ്ങളിലുള്ള ദുർലഭങ്ങളായ ഔഷധങ്ങളും പച്ചമരുന്നുകളും വിൽക്കുന്നു. ഈ ഗ്രാമങ്ങളുമായി ഇവർക്കുള്ളത് നൂറ്റാണ്ടുകളുടെ ബന്ധമാണ്. അതുകൊണ്ട് സാധനങ്ങൾ വാങ്ങുമ്പോൾത്തന്നെ മുഴുവൻ വിലയും കൊടുക്കണമെന്നില്ല. മഞ്ഞുകാലത്ത് താഴ്‌വാരങ്ങളിലേക്ക് വരുന്ന സമയത്ത് പഴയ കടം വീട്ടിയാൽ മതി. ഈ ക്രയവിക്രയത്തിന് രേഖകളൊന്നുമില്ലെന്നത് രസകരമായ കാര്യമാണ്. പരസ്പര വിശ്വാസത്തിന്റെ ഉറപ്പിൽ വർഷങ്ങളായി ഈ കച്ചവടം തുടർന്നുകൊണ്ടേയിരുന്നു.


ഇടയന്മാരുടെ സംഘം കടന്നുപോകുമ്പോൾ ഗ്രാമത്തിന്റെ ആധാരമായി ഒഴുകുന്ന ഗംഗയോട് ചേർന്നുകിടക്കുന്ന സർപ്പാകാരമായ റോഡിൽ തിക്കും തിരക്കും വർദ്ധിക്കുന്നു. ബദ്രീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുവരുന്ന കാൽനടയാത്രക്കാർ ക്ഷേത്രകവാടം തുറക്കുന്നതിനു വളരെ മുൻപുതന്നെ എത്തിത്തുടങ്ങുന്നു. വളരെ ദൂരെ തെക്കുനിന്നും വരുന്ന മഹത് വ്യക്തികൾ ഞങ്ങളുടെ ഗ്രാമം വരെ വരുന്നുണ്ട്. അവരുടെ കൈയിൽ ഒറ്റക്കമ്പിയുളള ഒരു സംഗീതോപകരണം ഉണ്ടാകും. ആ നാദത്തിന്റെ അകമ്പടിയോടെ അവർ കീർത്തനങ്ങൾ ആലപിക്കുന്നു. ബദ്രീനാഥിലേയും കേദാർനാഥിലേയും മുഖ്യപൂജാരികൾ ഇപ്പോഴും ഭക്ഷിണഭാരതത്തിൽ നിന്നുമുള്ളവരാണ്.


ചൗഖംഭാ പർവ്വതത്തിന്റെ പിന്നിൽ നിന്നും സൂര്യൻ ഉദിച്ചുതുടങ്ങിയാൽ ജ്യേഷ്ഠമാസം ആരംഭിക്കുകയായി. ഈ സമയത്ത് പർവതത്തിലേക്കുള റോഡുകൾ വാഹനങ്ങളാൽ നിറയുന്നു. എന്റെ വീടിന്റെ മട്ടുപ്പാവിൽ നിന്ന് ബദ്രിനാഥിലേക്കുള്ള വഴിയിലെ തിരക്കു കാണുമ്പോൾ കേവലം രണ്ടു മാസം മുൻപ് ഈ താഴ്‌വാരം തികച്ചും ശൂന്യമായിരുന്നു എന്ന യാഥാർത്ഥ്യം ഞാൻ മറന്നുപോകുന്നു.


നൂറ്റാണ്ടുകളായി ഈ ഋതു ചക്രം ഇങ്ങനെ തന്നെ തുടർന്നുകൊണ്ടേയിരിക്കുന്നു. ഹിമാലയം അതിന്റെ സ്ഥാനത്തു തന്നെ. സൂര്യൻ ഉണർവോടെ വേഗത്തിൽ യാത്ര തുടരുന്നു. പഞ്ചാചൂലിയിലെ അഞ്ച് കൊടുമുടികളുടെ ഭാഗത്തേക്ക് സൂര്യൻ തിരിഞ്ഞുകഴിഞ്ഞാൽ ഞങ്ങളുടെ ഗ്രാമത്തിൽ അതിഭയങ്കരമായ തണുപ്പാണ്. സൂര്യൻ ചൗഖംഭായിലെ കൊടുമുടിയിൽനിന്നും ഉദിക്കുമ്പോൾ ജ്യേഷ്ഠമാസത്തിലെ ചൂട് മൂർധന്യാവസ്ഥയിലെത്തുന്നു. ഈ രണ്ടു പർവതങ്ങൾക്കുമിടയിൽ സ്ഥിതിചെയ്യുന്ന നന്ദാപർവതത്തിനടുത്ത് സൂര്യന്റെ സാന്നിധ്യം എന്റെ ഗ്രാമത്തിൽ വസന്തത്തിന്റെ ഉന്മാദത്തിന്റെ പ്രതീകമാണ്.




Label : SSLC Hindi Basant Mere Gav Ka Note | बसंत मेरे गाँव का | Basant Mere Gaav Ka Malayalam Translation

Post a Comment

0 Comments